District News
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ജില്ലയിൽ പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കി. മന്ത്രിയുടെ വീട്ടിലേക്കുൾപ്പെടെ ഇന്നലെയും സമരം നടന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് വൈകുന്നേരം കപ്പലും കപ്പിത്താനുമായി നടത്തിയ പ്രതീകാത്മക സമരം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വീണാ ജോർജിന്റെയും മുഖംമൂടി ധരിച്ച് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്നിൽ നിർത്തിയായിരുന്നു പ്രകടനം. കപ്പൽ ഉരുട്ടിയുള്ള സമരം നഗരത്തിനു പുതുമയായി.
ഇതിനിടെ ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിൽ ചുവരുകളിൽ തൂണു നാട്ടി പ്രതിഷേധിച്ചു.
ശോച്യാവസ്ഥ കാരണം കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇളകിത്തുടങ്ങിയിട്ടുണ്ട് . കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂണുകളുമായി എത്തി കെട്ടിടത്തിന് താങ്ങു കൊടുത്ത് നിർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ജാസിംകുട്ടി, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി സുഹൈൽ നജീബ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, നസീം കുമ്മണ്ണൂർ, ബാബുജി ഈശോ, അബ്ദുൽ ഷുക്കൂർ, അജ്മൽ കരിം, സജി അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ ആരോഗ്യ മന്ത്രി വീണജോർജിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടന്നു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം കനത്ത സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാതെ ബാരിക്കേഡിന് മുന്നിൽ വീണ്ടും സംഘടിച്ചതോടെ പോലീസ് ലാത്തി വീശി.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു.
അതേസമയം, മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
Kerala
പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന് ചൂണ്ടിക്കാണിച്ച വിഷയങ്ങളെല്ലാം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം വര്‍ധിച്ചതിന് അനുസരിച്ച് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2021 ല്‍ രണ്ടര ലക്ഷം പേരാണ് മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ നേടിയതെങ്കില്‍ 2024 ല്‍ ആറര ലക്ഷമാണ്. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന സര്‍ക്കാര്‍ ആശുപത്രികളുടെ മികവിനു തെളിവാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ വരെ നടക്കുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. നിങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നില്‍ പോകാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഡോ. ഹാരിസ് പറയുന്ന കാര്യങ്ങള്‍ കൃത്യമാണെന്നും പരിശോധിക്കുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐപിയിലും ഒപിയിലുമെത്തുന്ന രോഗികളുടെയും സര്ജറികളുെടയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. 10 വര്‍ഷം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപൂര്‍വ രോഗത്തിന് ചികില്‍സയുണ്ടായിരുന്നില്ല. കരള്‍ മാറ്റിവയക്കല്‍ നടത്തിയപ്പോള്‍ രോഗി മരിച്ചു പോയി. ഇന്നിപ്പോള്‍ എത്ര ട്രാന്‍സ്പ്ലാന്റേഷനാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റർവെന്‍ഷന്‍സ് നടത്തുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ഡോ. ഹാരിസ് പറഞ്ഞിരിക്കുന്ന വിഷയം നിലവിലെ സംവിധാനത്തിന്റെ പ്രശ്നമായി കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംവിധാനത്തില്‍ സൂക്ഷ്മമായ തിരുത്തലുകള്‍ ആവശ്യമൂണ്ടെന്ന് അദ്ദേഹത്തിന് വിശ്വാസമുള്ളതു കൊണ്ടാകാം അങ്ങനെ ചെയ്തത്. വേണ്ടപ്പെട്ടവരെ ചൂണ്ടിക്കാണിച്ചിട്ടും അതു സാധിക്കാതെ വന്നപ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ഇടത്ത് എത്താന്‍ വേണ്ടി അദ്ദേഹം ചെയ്തതായിരിക്കാം. സിസ്റ്റമെന്നാല്‍ സര്‍ക്കാരും മറ്റ് സംവിധാനങ്ങളും അടങ്ങിയതാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കട്ടെ. രോഗിയുടെ വിഷയം സ്വന്തം വിഷയമായി കരുതുന്നിടത്താണ് ഡോക് ടര്‍ വിജയിക്കുന്നത്. ഡോക് ടറുടെ പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കും. ചട്ടങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട പോകുന്നത്. ഇതിന് ഭേദഗതി വരുത്തുന്നതിന് ഫയല്‍ അദാലത്ത് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നഴ്സിംഗ് സ്കൂളുകൾക്കും മൂന്ന് ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും പുതിയ ബസുകൾ അനുവദിച്ചു. കേരള നഴ്സിംഗ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകൾ വാങ്ങിയത്.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂർ എന്നീ നഴ്സിംഗ് സ്കൂളുകൾക്കും തൈക്കാട് എസ്സി/എസ്ടി ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശി ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ, കാസർഗോഡ് ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്.
ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കേരള നഴ്സിംഗ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രഫ. സോന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.